Wednesday, December 25, 2013

ജീവിതവും കൊഴിഞ്ഞു വീണ കഥയും.


ജീവിതവും ചിലപ്പോൾ ഇങ്ങിനെയാണു. ഒഴുകിയൊഴുകി ഒരു തീരത്തടിയും. അന്നു കൂടെ നടന്നവരും തുഴഞ്ഞവരും അന്യരാവും. കാലാന്തരത്തിൽ മണ്ണോടു ചേർന്നു ജ്‌Iർണാവസ്ത പ്രാപിക്കുംബോഴും ഓർക്കാൻ ഈ നഗ്ന സത്യം മാത്രേയുള്ളൂ. അക്കരെ കാണുന്നതൊക്കെയും മായയാണെന്നും, ഒക്കെയും എന്നിലൂടെയായിരുന്നെന്നും. ഇന്ന് കൈവിട്ടു കളഞ്ഞതും നിസ്സാരമായി തള്ളിക്കളഞ്ഞതും വല്ല്യ വിലപിടിപ്പുള്ളതായി മനസ്സിലാവുന്നത് മനസ്സിന്റെ താളം ക്രമപ്പെടുംബോഴാണ്. മനസ്സ് അതിന്റെ അനന്ത വിഹായസ്സിൽ നൃത്തമാടുന്ന നിമിഷങ്ങളിൽ ഒക്കെയും സ്വാർജ്ജിതമായ വികാരോർജ്ജം മുന്നോട്ട് കൊണ്ട് പോവും. എന്നാൽ കാലാന്തരത്തിൽ ഒരു നിമിഷം പിന്നോക്കം നോക്കുമ്പോൾ അമ്പരക്കുന്നു.  ഇതാണ് ഭൌതികജീവിതത്തിന്റെ ഒന്നാമത്തെ വലക്കുന്ന പ്രശ്നം. 

സ്വജന ബഹുമാനം രാഷ്ട്രീയത്തിൽ.

സ്വന്തം നാടിനെയും അതിന്റെ നന്മയും, സ്വന്തം അമ്മയെയും അച്ഛനെയും പോലും ബഹുമാനിക്കരുത്. എന്നാൽ നാടുവിട്ടാലോ, അന്യ രാജ്യങ്ങളിലെ ഭരണാധികാരികളുടെ കുശ്ശനിക്കാരുടെ കൗപീനം വരെ നക്കിക്കൊടുക്കാൻ മടിയില്ലാത്തവർ. ഹോ!!! ഇത്രയും നീചനായ ഇവരെയൊക്കെ എങ്ങിനെ രാഷ്രീയത്തിൽ വച്ച് പൊറുപ്പിക്കുന്നു? ഏതായാലും ഒരു ചങ്ങാതി ഇതോടെ ഫേമസ് ആയി. ഇതാണ് നെഗറ്റീവ് മാർകറ്റിങ്ങ് എന്ന് പറയുന്നതു. ആദ്യായി ഈ രംഗത്ത് ഇത് കൊണ്ട് വന്നു ഗൂഗിൾ പ്രശസ്തിയാര്ജ്ജിച്ച ശ്രീമാൻ സന്തോഷ്‌ പണ്ടിതിനു മുമ്പിൽ ഇവന്മാർ ദക്ഷിണ വച്ചു കുറച്ചു കൂടി പഠിക്കണം. പണ്ടിത് ഏതായാലും ഇത്രേം അധ:പതിച്ചു പോയില്ല. 
മറ്റുള്ളവരെ ബഹുമാനിക്കയും ആദരിക്കയും ചെയ്യുന്നതുള്ള ഊർജ്ജവും സംസ്കാരവും ഒരാൾ ആദ്യമായി ആർജ്ജിക്കുന്നതു സ്വഗ്രിഹത്തിൽ നിന്നാണു. സമൂഹത്തിനെ അങ്ങീകരിക്കാത്ത ഇത്തരക്കാർ സുഹൃത്‌ വലയങ്ങളിലും, സ്വന്തം കുടുംബത്തിലും എങ്ങിനെയായിരിക്കും എന്നു ഊഹിക്കാവുന്നതേയുള്ളു. രാജ ഭരണം അന്യമായി പോയെങ്കിലും അവർ ബഹുമാനാർഹർ തന്നെ. അതിനു സാധിക്കാത്തവർ നിശ്ശബ്ദത പാലിക്കുന്നതായിരുന്നു ഉചിതം. എന്തും ഏതും വിമർശ്ശിച്ചു കാണികളുടെ ശ്രദ്ധ യും കൈയ്യടിയും നേടുന്ന ഈകാലത്തു ഇതോർത്തു ആശ്ചര്യപ്പെടുവാനും തരമില്ല.

നാം ഇനിയെങ്കിലും ഉണരേണ്ടിയിരിക്കുന്നു.

സ്വന്തം നാടിന്റെ പുത്രിയെ ലോക പോലീസ് തുണിയുരിച്ചു പരിശോധിച്ച് കയ്യാമം വച്ചു അധാർമ്മികളുടെ കൂടെയിരുത്തി. ഒരു കൊടും കുറ്റവാളിയെ പോലെ. ഭാരതം എങ്ങിനെ പ്രതികരിച്ചു? അമേരിക്കൻ എംബസ്സിയുടെ ചുറ്റിലും കെട്ടി വച്ച ബാരികെടുകൾ എടുത്തു മാറ്റി നമ്മുടെ പ്രതിഷേധം പ്രകടിപ്പിച്ചു. നാന്നിക്ക് ശമ്പളം കുറച്ചു കൊടുത്താൽ അമേരിക്കയിൽ ഇതാണോ ശിക്ഷ? രാജ്യത്തെ പ്രതിനിധീകരിക്കുന്ന, സർവ്വ ശ്രേഷ്ഠമായ പദവി അലങ്കരിക്കുന്ന ഒരു വനിതാ ഉദ്യോഗസ്ഥയുടെ മേലിൽ ലോക പോലീസ് നടത്തിയ ഈ അക്രമം മാധ്യമങ്ങൾ പ്രതിഷേധാർഹമാക്കി. ഇറ്റലിക്കാർ നാവികർക്ക് ആഘോഷങ്ങളിൽ പങ്കെടുക്കാൻ അനുവാദം നല്കിയും, തിരിച്ചു വരവിനു ചുവന്ന പരവതാനി വിരിച്ചു സ്വീകരിക്കുകയും ചെയ്ത ഭാരത നേതൃത്വം, സ്വന്തം മകൾക്ക് നേരിടേണ്ടി വന്ന ഈ അപമാനം എങ്ങിനെ നോക്കി കാണുന്നു? ഏതു രീതിയിൽ പ്രതികരിക്കുന്നു? ഒരു അമേരിക്കൻ സായിപ്പിനോട് വിമാനത്താവളത്തിൽ വച്ചു അപമര്യാദയോടെ പെരുമാരുമോ നമ്മുടെ ഭരണ നേതൃത്വം? നാടിനെയും, സ്വന്തം കുടുംബത്തെയും, സ്വ മക്കളെയും ചവിട്ടി അരച്ചു പണത്തിനും പദവിക്കും പിന്നാലെ പായുന്ന നാടിന്റെ റബ്ബർ നട്ടെല്ല് ഇതല്ല ഇതിലപ്പുറവും കണ്ടാലും പിന്നെയും സംസ്കാര രാഹിത്യം ബാധിച്ച ഭീരുവായ അമേരിക്കൻ ഷണ്ടത്വതിനു മുന്നിൽ ഒചാനിച്ചു നിൽക്കും. മാനം കെട്ടവന്റെ ആസനത്തിലെ ആൽമരം പോലെ. ഭാരതീയരെ, ഉണരൂ.. ഇത് പോലെയുള്ള നിങ്ങളുടെ നിശബ്ദത ഒന്ന് കൊണ്ട് മാത്രം ഈ ലോകത്തിന്റെ പല കോണുകളിലും ഭാരത മക്കൾ ചവിട്ടിഅരക്ക പെടുന്നു.

Sunday, November 10, 2013

നന്മകളാൽ സമൃദ്ധമായ എന്റെ നാടെത്ര മനോഹരം. നാട് നാട് തന്നെ. എന്റെ സ്വന്തം നാട്.


നാട് നാട് തന്നെ. എന്റെ സ്വന്തം നാട്.



"കൌസല്ല്യാ സുപ്രജാ രാമ പൂർവ്വാ സന്ധ്യാ പ്രവർത്തതേ. . . ഉത്തിഷ്ഠ... " ശുദ്ധ ലക്ഷ്മീ നാദത്തിൽ സുബ്ബലക്ഷ്മി മധുരാലാപനം. ലോകത്തു എവിടെയിരുന്നാലും ഒരു നിമിഷം ഇത് കേട്ടാൽ മനസ്സ് വർത്തമാനത്തിലെ സർവ്വവും ഇട്ടെറിഞ്ഞു ഭൂതകാലത്തിലെ നിത്യഹരിതമായ  പച്ചപ്പിലേക്ക്  യാത്രയാവുന്നു. തറവാടും, മഴയും, ക്ഷേത്രത്തിലെ മണിയൊച്ചയും, തണുത്ത വെള്ളത്തിലെ മുങ്ങി കുളിയും, സന്ധ്യാ വന്ദനവും, ചൂട് കാപ്പിയും, ഹോ!. . . എത്ര മധുരതരമായിരുന്നു ജീവിതം.

ഇന്നിപ്പോ ഈ കോണ്ക്രീറ്റ് കാട്ടിൽ ഇതര സ്വഭാവമുള്ള മനുഷ്യരുമായി സഹവർത്തിത്വം. പഠിച്ചതും വളർന്നതും ശീലിച്ചതും അപ്പാടെ ഉപേക്ഷിച്ചു പുതിയൊരു അവതാര പെരുമയിൽ, പുതിയൊരു മനുഷ്യനായി ഞാൻ മാറിയത് എത്ര പെട്ടെന്നാണ്. ജോലി, വീട്, വീട് ജോലി. ഒക്കെയും യാന്ത്രികം... ആഴ്ചതോറും കിട്ടുന്ന രണ്ടു ദിവസ്സത്തെ അവധി. ആ ദിവസ്സങ്ങളിൽ ഉച്ചവരെ ഉറക്കം, പിന്നെ അലസ്സമായി കിടക്ക വിട്ടു എണീറ്റ്‌ ചുരുണ്ട് കൂടി അരമണിക്കൂർ സോഫയിൽ ഇരിക്കും. ചായ! ഭാര്യ ഒരു കപ്പു ചായ കൊണ്ട് വന്നു. ഊണു കഴിക്കാറായി. ഇവിടെ ഒരാൾ ചായ കുടിക്കുന്നതെയുള്ളൂ. പരിഭവമെന്നോണം അത് പറഞ്ഞു അവൾ അടുക്കളയിലേക്ക് നടന്നു. കിട്ടിയ ചായ സാവധാനം ഊതിയൂതി കുടിക്കുമ്പോൾ തലച്ചോറിനെ ബാധിച്ച മരവിപ്പ് ക്രമേണ മാറുന്നു. പിന്നെ എല്ലാ ദിവസ്സത്തെയും പോലെ നാട്ടിലെക്ക് മനസ്സ് മടക്കയാത്ര ചെയ്യുന്നു. നഷ്ടബോധത്തിന്റെ ഒരു തുടി കൊട്ട് ഹൃദയത്തിൽ. നന്മയുടെ മാധുര്യമേറുന്ന ഓർമ്മകൾ തികട്ടി വരുന്നു.

ജനാലയിലെ കർട്ടൻ രണ്ടു വശത്തേക്കും മാറ്റി. ഗ്ലാസ് വിൻഡോ തുറന്നിട്ടു. മഴയുടെ തണുപ്പും മണ്ണിന്റെ മണവുമുള്ള കാറ്റു പ്രതീക്ഷിച്ച എന്റെ മുഖത്തേക്ക് മുറിയിലെ തണുപ്പിനെ തോല്പ്പിച്ചു വന്നടിച്ച ചൂട് കാറ്റു. ഹോ! ഇതെന്തു ചൂട്. പിന്നെയൊരു നിമിഷം മുറിയിലെ കാലാവസ്ഥ നപുംസകമായി മാറി. മനുഷ്യ മനസ്സിൽ നന്മ തിന്മകളുടെ ചിന്തകൾ അന്വേന്ന്യം ആധിപത്യം സ്ഥാപിക്കാനായി കടിപിടി കൂടുന്നതുപോലെ തണുപ്പും ചൂടും തമ്മിലുള്ള സംഭോഗം ഞാൻ അനുഭവിച്ചറിഞ്ഞു. പുറത്തു ഒരു കെട്ടിടത്തിന്റെ മൂന്നാം നിലയിൽ തകൃതിയായി പണി നടക്കുന്നു. വെയിലും തണുപ്പും രാത്രിയും പകലും ഭേദമാക്കാതെ എത്ര വേഗമാണ് ഇവിടെ പണികൾ നടക്കുന്നത്. ഇന്നലെയാണ് അവിടെ പണി തുടങ്ങിയത് എന്ന് തോന്നും വിധമാണ് ഓരോ ഘട്ടത്തിന്റെയും പുരോഗതി. ഈ നാടിലേക്ക് ചുവടു വക്കുന്നതിനു മുമ്പേ നാട്ടിൽ പൊതുജനാർഥം ഏതോ ഒരു സ്ഥാപനത്തിന് ഇട്ട ശിലയും അത് നാട്ടിയ സ്ഥലവും കാടു കയറി കിടക്കുന്നത് കഴിഞ്ഞ അവധിക്ക് പോയപോഴും കണ്ടത് ഞാനിപ്പോഴും ഓർക്കുന്നു. നാടെന്താ ഇങ്ങിനെ? ആ, അതെന്തോ ആയിക്കോട്ടെ. നാട് നാട് തന്നെ. മറ്റെന്തും അത് കഴിഞ്ഞേയുള്ളൂ. ലോകത്തിൽ ഇന്നേ വരെ കണ്ടു പിടിച്ചിട്ടുള്ളതിൽ വച്ചു ഏറ്റവും വല്ലിയ പ്രോസസ്സർ ഘടിപ്പിച്ച കമ്പ്യൂട്ടർ ആയ മനസ്സെന്ന പ്രതിഭാസ്സതിലൂടെ ഒരു നിമിഷം കൊണ്ട് ഞാൻ നാട്ടിലായി. മനസ്സും ശരീരവും സ്വശ്ചം.

ക്ഷേത്രത്തിലെ മണിയടി കേൾക്കുന്നു. നിർമ്മാല്യ പൂജ കഴിഞ്ഞു കാണും. വീട്ടിനുള്ളിൽ സുപ്രഭാതം കേൾക്കാം. രാവിലെ ഇത് കേൾക്കുമ്പോഴുള്ള ഒരു സുഖം. പുറത്ത് മഴ പെയ്യുന്നു. പാതിയടഞ്ഞ ജനാലയിലുടെ കടന്നു വരുന്ന ഈർപ്പമുള്ള കാറ്റു. " മോനെ നീ ക്ഷേത്രത്തിൽ പോവുന്നില്ലേ? " താഴെ അമ്മ വിളിക്കുന്നു. "എണീക്കു. സമയം എത്രയായി എന്ന് വച്ചിട്ടാ... എടീ നീ പോയി അവനെ വിളിക്ക്." ഒരു ബോധവും ഇല്ലാത്ത കുട്ടി. ഇപ്പോഴും കുഞ്ഞാന്നാ വിചാരം. "ഏട്ടാ, എണീക്ക്. ക്ഷേത്രതിലേക്ക് വരണ്‍ലേ? പൂജ ഇപ്പൊ തുടങ്ങും." താമസ്സിച്ചാ ഞാൻ പൊവുട്ടോ. പിറന്നാളായിട്ട് കിടന്നുറങ്ങുന്നത് നോക്ക്. കമ്പിളി പുതപ്പു തല വഴിയേ ഒന്നുകൂടി ഈ ലോകത്തിലെ ഏറ്റവും വല്ല്യ കാമുകിയായ കിടക്കയുമായി ഞാൻ വീണ്ടും അനുരാഗബദ്ധനായി. " ഇനീം കിടന്നാൽ ഞാൻ  പോവും. എണീക്കാൻ!!!" സുഖലോലുപതയിൽ നിന്നും പെട്ടെന്നുള്ള ഒരു പറിച്ചു മാറ്റം. പുതപ്പു ഒരു നിമിഷം കൊണ്ട് എങ്ങോ പറന്നു പോയി. തണുത്ത കാറ്റു എന്നെ കീഴടക്കി. "ഹോ ഈ പണ്ടാരം പിടിച്ച പെണ്ണ്. നിനക്ക് വേറെ പണിയൊന്നുമില്ലേ" അടിക്കാനോങ്ങിയ കൈ വെറുതെ വീശി കിടക്കയിൽ എണീറ്റിരുന്നു. മുറിയിലെ പുസ്തകങ്ങൾ എന്നെ നോക്കി ചിരിക്കുന്നു. വായിച്ച അക്ഷരങ്ങളിൽ കഥാപാത്രങ്ങൾക്ക് ജീവൻ വച്ചു അവ എനിക്ക് ചുറ്റിലും വന്നിരിക്കുന്ന പോലെ. ഓരോ പുസ്തകങ്ങളിലെയും ഏതു വരി ഏതു പുസ്തകത്തിലെ ഏതു പേജിൽ എന്നൊക്കെ വ്യക്തമായ ധാരണയുണ്ട്. അതിൽ അഹങ്കാരവും. ഞാൻ അഹങ്കാരി തന്നെ. പല വട്ടം കൂടുകാരോട് സംസാരിക്കുമ്പോൾ അത് അവർക്ക് വ്യക്തമായിട്ടുണ്ട്. മറ്റുള്ളവർക്കു അറിയാത്ത കാര്യങ്ങൾ നമ്മൾ പറയുമ്പോൾ അവർ നിശബ്ദരാവും. പിന്നെ വേറിട്ട ഒരു കണ്ണിലുടെ അവർ നമ്മെ കാണും. ഒരിക്കൽ ഒരു ചർച്ചയിൽ വാക്കേറ്റമുണ്ടായപ്പോൾ ഈ പുസ്തക ജ്ഞാനം സഹായകരമായിരുനു. അത് കേട്ട് മറ്റുള്ളവർക്ക് മറുപടി ഇല്ലാതെയായി. "അറിയില്ലെങ്കിൽ സംസാരിക്കണ്ട" എന്ന് ഞാൻ താക്കീതും നല്കി. അതെ. ഞാൻ അഹങ്കാരി തന്നെ. "പോവല്ലേ!!! " കിടക്ക എന്റെ കൈക്ക് പിടിച്ചു വലിക്കുന്നു. നിരാശാ കാമുകിയെ പോലെ. " ഇനീം ഉറങ്ങിയാൽ തലയിൽ വെള്ളമൊഴിക്കും എന്ന് പറയ്‌ ". ഹോ ഈ അമ്മ. രാവിലെ തന്നെ. . . എന്തിനാ ഈ പിറന്നാളിന് നേരത്തെ എണീക്കണതു?

കുളിച്ചു ശുദ്ധമായി ഭഗവാന്റെ മുന്നിൽ നിൽക്കുമ്പോൾ ഈ സുഖം കിടക്കയിൽ ഇല്ലായിരുന്നു എന്ന് തിരിച്ചറിഞ്ഞു. നെറ്റിയിൽ കളഭം തൊടുമ്പോൾ മനസ്സ് എകാഗ്രമായിരുന്നു. "നാളെ എത്ര മണിക്കാ ഫ്ലൈറ്റു?" ചോദ്യം കേട്ട് തിരിഞ്ഞു നോക്കാതെ മറുപടി പറഞ്ഞു. " 8 മണിക്ക്. ഗൾഫ് എയർ. രാവിലെ 5 മണിക്ക് പുറപ്പെടും".. ഒക്കെയും ഒരു ശ്വാസ്സത്തിൽ പറഞ്ഞു ഒപ്പിച്ചു ഞാൻ രക്ഷപെട്ടു. ഇനീം ചോദ്യങ്ങൾ ഒഴിവാക്കാലോ! ഹോ നാളെ ഞാൻ ഗൾഫിൽ പോവുന്നു!!! വേറെ ഒരു ലോകത്തു. പ്രൗഡിയിലെക്കു. വീട്ടിലുള്ളവർക്ക് അഭിമാനത്തോടെ പറയാല്ലോ. . മോൻ പഠിച്ചു കഴിഞ്ഞയുടൻ ജോലിയും കിട്ടിയെന്നു. എന്റെ മനസ്സിലിരുന്നു ഞാനെന്ന ഞാൻ അഭിമാനപ്പെട്ടു. വീണ്ടും അഹങ്കാരത്തിന്റെ ചിരി എന്നിൽ തല പൊക്കി. എന്ത് രസമായിരിക്കും അവിടെ. ഹോ, എനിക്ക് കൊതിയായി. നാളെയോന്നായിരുന്നെങ്കിൽ. എന്റെ ഭഗവാനെ, ഒക്കെ ഭംഗിയായി വരേണമേ. ഒരിക്കൽ കൂടി പ്രാർദ്ധിച്ചു ഞാൻ പിന്തിരിഞ്ഞിറങ്ങി.

"ഹോ, ഇവിടെ നിന്ന് സ്വപ്നം കാണുവാണോ, ഇന്നെന്തു പറ്റി? വാ, വന്നു ഭക്ഷണം കഴിക്കാൻ നോക്ക്. പോയി കുളിച്ചിട്ടു വാ. " പിന്നിൽ നിന്നും ഭാര്യയുടെ വിളി എന്നെ വീണ്ടും ആയിരം കാതം അകലെ യാദാർധ്യങ്ങളിലേക്ക് കൊണ്ട് വന്നു. ഹോ, എത്ര പെട്ടെന്നു മനസ്സ് യാത്ര പോയി മടങ്ങി വന്നു. ഞാൻ എന്തിനീ ലോകത്തിലേക്കു വന്നു?  എന്താ ഇവിടെയുള്ളത്? എന്റെ നാടും നാടിന്റെ ഭംഗിയും കാറ്റും മണ്ണും. . . ഹോ!!! എനിക്ക് വയ്യ. മതിയായി ഈ കോണ്‍ക്രീറ്റ് ജീവിതം. നാട് തന്നെ വലുത്. "ദാ ഫോണ്‍ അടിക്കുന്നു".  "ആരാന്നു നോക്കു." "ദേ ദിലീപാണ്". "ഹലോ ",  "ഹലോ അളിയാ, എന്തായി വിസയുടെ കാര്യം. വല്ലതും നടക്കോ?". "ഉടനെ ശരിയാവുമെന്നാണു അവർ പറയുന്നത്. വിഷമിക്കാതിരിക്കു." ദിലീപിനോട്  ഇങ്ങിനെ പറയുമ്പോഴും മനസ്സ് അവനെ ശകാരിക്കുന്നത് എനിക്ക് കേൾക്കാം. ←
നാടിനെകാൾ  മനോഹരമായി ഇവിടെയോന്നുമില്ലെടാ. ഇങ്ങോട്ട് വരാതെ!!! നാട് തന്നെ നാട്. എന്റെ സ്വന്തം നാട്. 

ഷിബു വത്സലൻ