Monday, January 27, 2014

അന്ന്യം നിന്ന് പോവുന്ന നല്ല കാലത്തിന്റെ നല്ലൊർമ്മ


ഇന്റർനെറ്റിന്റെ അധിനിവേശം സർവ മേഖലയിലും വ്യാപിച്ച പോലെ തപാലിനെയും അതിന്റെ കുത്തൊഴുക്ക് അപ്പാടെ തകർത്തു കളഞ്ഞു. ഇന്ന് ഇവിടെ ആരെങ്കിലും ഓർക്കുന്നുവോ ഒരിക്കൽ ഒരു സൈക്കിളിലെ മണിയടിക്കായി കാതോർത്തിരുന്ന നിമിഷങ്ങളെ? വാതിലിൽ മുട്ടി "കത്ത്തുണ്ടേ" എന്നൊരു വിളിയൊച്ചക്കായി? മാസാവസാനം പെൻഷൻ മണിയോഡറിനായി വരാന്തയിൽ കാത്തിരുന്ന മുത്തശ്ശനെ. ഇതിനൊക്കെ പുറമെയായി അക്ഷരങ്ങൾ ഹൃദയത്തിന്റെ ഭാഷ സംസാരിച്ചതും കേൾക്കാത്തവർ എത്ര പേർ നമുക്കിടയിലുണ്ടു?

ബന്ധങ്ങൾ ഇഴ ചേർന്ന് ആ അക്ഷരങ്ങളിൽ താളാത്മകമായി ഒഴുകി - വരികളായും, ആ വരികൾ പിന്നെ ഹൃദയത്തിന്റെ വ്യത്യസ്ത തലങ്ങളെ തന്നെ നിയന്ത്രിക്കുന്നതായും, പിന്നെ നർമ്മ തന്തുക്കളാൽ മൃദുസ്മേരം വിടർത്തുന്നതായും, ഒരിക്കൽ സ്നേഹകണങ്ങൾ ഹൃദയതന്തുക്കളിൽ നിന്നുരുകിയൊഴുകിയൊലിച്ചു വ്യത്യസ്തമായ വികാരോഷ്മളതയുടെ ഹിമ കണങ്ങളായി അശ്രുരൂപത്തിൽ ഉരുണ്ടുകൂടി കവിളിൽ ഇക്കിളികൂട്ടി നിലത്തു വീണു പൊട്ടി ചിതറിയതും അറിയാത്തവർ എത്ര പേർ ഉണ്ടു? അക്ഷരങ്ങൾ സമ്മാനിച്ച കാല്പനികതയുടെ ലോകത്ത് ഒരു നിമിഷം എങ്കിലും ചുറ്റി നടക്കാത്തവരും വിരളം.

അതെ... ഒരു കാലത്ത് അക്ഷരങ്ങൾ സംസാരിക്കുമായിരുന്നു. പലപ്പോഴും വ്യക്തികളുടെ സാന്നിധ്യം തന്നെ അക്ഷരങ്ങൾ സമ്മാനിക്കുമായിരുന്നു. സ്നേഹത്തിന്റെ മന്ദമാരുതനും, ശകാര പരിഭവങ്ങളുടെ സമ്മിശ്ര വർഷവും, ചുടുചുംബനത്തിന്റെ മാധുര്യവും അക്ഷരങ്ങൾ സമ്മാനിക്കുമായിരുന്നു. മറ്റു ചിലപ്പോൾ മനസ്സിലെ വ്യാകരണശൈലി തന്നെ വികാര വായ്പ്പിന്നു വഴിമാറുന്നതായും, വിയർപ്പിന്റെ ഉപ്പുനീരും, സ്നേഹത്തിന്റെ നറു നിലാവും, പലപ്പോഴും ശ്വാസമെടുക്കാൻ തന്നെ ബുദ്ധി മുട്ടിച്ചു കൊണ്ടു അക്ഷരങ്ങളിലൂടെ കടന്നു പോവുമായിരുന്നു. തൂലിക പടവാളിനേക്കാൾ ശക്തിയുള്ളതാണെന്നു ലോകവും സമ്മതിച്ചു എങ്കിൽ എഴുത്തിന്റെ ശക്തി എത്ര മാത്രം പ്രസക്തമാണ് എന്നതും ഇവിടെ പ്രത്യേകമായി പറയേണ്ടല്ലോ.

ഒരുപാടായി എന്തോ എഴുതണം എന്നുണ്ടു. മനസ്സില്‍ സമ്മിശ്ര വികാരങ്ങളുടെ വേലിയേറ്റം. കഴിഞ്ഞ കാലം മനസ്സില് ചില്ലിട്ടു വച്ച പോലെ. അത്യപൂർവമായ ആ മനോഹര ലോകത്തിലേക്ക്‌ ഇനിയൊരു തിരിച്ചു പോക്കിന് മനുഷ്യനാവില്ല. അത്രയ്ക്ക് സാങ്കേതികത അവനെ കീഴ്പെടുത്തി. ഇന്ന് ആശയ വിനിമയം ഒരു നിമിഷത്തിന്റെ നൂറിൽ ഒരു അംശം വേഗതയോടെ ലോകത്തിന്റെ ഒരറ്റത്ത് നിന്നും മറ്റൊരിടത്തേക്ക് അനസ്യൂതമായി പ്രവഹിക്കുംപോൾ നാം സാങ്കേതികതയുടെ നൂതന സംവിധാനങ്ങളെ കരഗതമാക്കാൻ ശ്രമിക്ക്കുന്നു.

അക്ഷരാർഥത്തിൽ നമുക്ക് അന്യം നിന്ന് പോവുന്നത് അക്ഷരകൂട്ടങ്ങൾ ഒരുനാൾ സമ്മാനിച്ച വൈകാരികതയാണ്. അച്ഛൻ മകന് കത്തെഴുതുംപോൾ വരികളിൽ നിറയുന്നത് അച്ഛന്റെ ഹൃദയത്തില്‍ നിന്നും മകന് നല്കുന്ന പുത്ര വാത്സല്യത്തിന്റെ നറു വെണ്ണയാണ്. "എന്റെ പൊന്നു മോന്....... ഒരായിരം ഉമ്മകളൊടെ സ്വന്തം അച്ഛൻ"... എന്ന വരികളിൽ നിറയുന്നത് ചിലപ്പോൾ അച്ഛന്റെ കഷ്ടതയുടെ വിയർപ്പു നീരും, വാൽസല്ല്യത്തിന്റെ നല്ലുമ്മയും കണ്ണ് നീർ വീണഴിഞ്ഞ മഷിചാർതുമാണു. ഇതൊന്നും ഇന്നത്തെ ഇ - മെയിലിനൊ, സ്കൈപ്പിനോ, എസ് എം എസ്സിനോ നല്കാനാവില്ല. സാങ്കേതികത നമുക്ക് എന്താണു നമുക്ക് നൽകിയത് എന്നും ഇവിടെ സ്മരിക്കാനേ തോന്നുന്നില്ല.

ഒരു കാലഘട്ടത്തിന്റെ നല്ലോർമ്മയുമായി ഈ തപാൽ പെട്ടിയും നാളെ നമുക്ക് അന്യമായേക്കാം അന്ന് നമ്മുടെ മക്കൾ ഒരിക്കൽ എങ്കിലും അറിയട്ടെ... ഈ ചുവന്ന പെട്ടികളിലൂടെ ലോകം കണ്ട അക്ഷരങ്ങളുടെ നന്മയെ. 


ഷിബു വത്സലൻ