മരണം. നഗ്ന സത്യം! ജീവനുള്ള സർവ്വതിനും ഒരിക്കൽ യാത്ര അനിവാര്യമായി
പോവേണ്ടി വരുന്ന ഒരേയൊരു ഇടം. കുപ്പ തൊട്ടിയിൽ ജനിച്ചു വീഴുന്ന പൈതലും
വായിൽ സ്വർണ്ണ കരണ്ടിയോടെ പട്ടു മെത്തയിൽ പിറന്നു വീഴുന്ന പട്ടു പൈതലും
ജനിക്കുന്നതും വലുതാവുന്നതും ഇവിടേയ്ക്കു യാത്ര പോകുവാൻ തന്നെ. ഈ നഗ്ന
സത്യം പകൽ പോലെ ഏവർക്കും വ്യക്തമായിരിക്കെ എന്തിനീ ജന്മം എന്ന ചോദ്യവും
ന്യായം തന്നെ. സ്നേഹവും കാരുണ്യവും കൊണ്ടു മാനവ ഹൃദയത്തിലും ഇനി വരാൻ
പോവുന്ന തലമുറയ്ക്കും ഒരു മാറ്റം വരുത്തുവാനീ ജന്മം കൊണ്ടു സാധ്യമായാൽ അതു
തന്നെയാണീ ജന്മം കൊണ്ടുള്ള ഉദ്ദേശ്ശം എന്നു തന്നെ പറയണം. മറ്റു എല്ലാം
തന്നെ സാക്ഷാൽ ജഗത്ജനനിയായ മഹാമായയുടെ മായയാണു. സർവ്വതും വാരി വലിച്ചു
മാറോട് ചേർത്തു തനിക്കും കുടുംബത്തിനും സസുഖം വാഴാമെന്നുള്ള മാനവന്റെ
ആഗ്രഹമാണു മരണം എന്ന സത്യം പോലും ഹൃദയത്തിന്നു ദൂരെ നിർത്തുന്നതു. ആ സത്യം
കാണാതെ പോണതും. അവസ്സാനം നേടിയതൊക്കെയും ഒന്നുമല്ലാന്നു തോന്നുന്നിടത്തു
നിന്നും അവൻ ജ്ഞാനിയാവുന്നു. അവന്റെ മനസ്സിൽ ജ്ഞാനപ്രകാശം പരക്കുന്നു.
വൈകിയെത്തുന്ന ഈയൊരറിവോടെയെങ്കിലും അവൻ ആത്മസാക്ഷാത്കാരം നേടുന്നു.