Tuesday, May 19, 2015

തിരമാലകൾ



തിരമാലകൾ
----------------
അന്നു മഴയായി പെയ്തിറങ്ങിയത്‌ ഹൃദയത്തിൽ നിന്നൊഴുകിയ കണ്ണുനീരായിരുന്നു. കണ്ണുനീരിനു ചുവപ്പ് നിറമായിരുന്നു. മഴത്തുള്ളികളും ചുവന്നിരുന്നു. വരണ്ടു കീറിയ മനോഭൂമിയിൽ കണ്ണുനീർ ഒരരുവിയായി പരന്നൊഴുകി. മനസ്സിൽവികാര സമ്മിശ്രങ്ങളുടെ വേലിയേറ്റം. "എവിടേക്കാ?", പിന്നിൽ നിന്ന് കേട്ട ശബ്ദം പരിചയമുള്ള പോലെ തോന്നി. പിന്തിരിഞ്ഞു നോക്കി. അതെ, എവിടെയോ കണ്ടു മറന്ന മുഖം. ഓർത്തെടുക്കാൻ പറ്റണില്ല... "ആ, എവിടേക്കോ, അറിയില്ല". ഒറ്റ വാക്കിലുത്തരം. "ഹേ, അല്ല്ല, കൃഷ്ണനല്ലേ?", മറു ചോദ്യം!. "അല്ല", ഇഷ്ടല്ലാത്തൊരുത്തരം കൊടുത്തു വേഗത്തിൽ നടന്നു. ഹോ, അനാവശ്യമായ ചോദ്യങ്ങൾ. ചോദ്യങ്ങൾ കേട്ടു മടുത്തു. 

മഴക്കാറിരുണ്ടു കൂടി കറുത്തിരിക്കുന്നു വിണ്ണും, മണ്ണും; മനസ്സും ശരീരവും. മാനത്ത് പൊട്ടുന്ന മിന്നൽ വെളിച്ചത്തിൽ മനസ്സിൽ തെളിഞ്ഞു വരുന്ന രൂപം, അതാരുടെയാണു. എവിടെയ്കാണീ യാത്ര പോവുന്നത് ഞാൻ? ഞാനറിയാതെ എന്നെ പിടിച്ചു വലിച്ചു അജ്ഞാതമായെവിടെയ്ക്കോ കൊണ്ടു പോവുന്നതാരാണു? മനസ്സ് സർവശക്തിയുമാവാഹിച്ചു കടിഞ്ഞാണിലാത്ത കുതിരയെ പോലെ പ്രയാണം തുടരുന്നതെവിടേയ്ക്കാണു? ഞാനറിയാതെ ആരെയാണ്, എന്തിനെയാണീ പിൻതുടരുന്നത്? 

കാറ്റു ശമിച്ചു. വർഷപാതമില്ല. പ്രകൃതി തണുത്തു ശാന്തമായി. മനസ്സും. ചുറ്റിലും അലയടിക്കുന്ന ശാന്തത മാത്രം. എവിടെയാണീ എത്തിയിരിക്കുന്നത്? ചുറ്റിലും നീലാകാശത്തിന്റെ വർണ്ണാഭ മാത്രം. അരുണനില്ലാതെ പകൽ!. ചുറ്റിലും വെളിച്ചം മാത്രം. ആ വെളിച്ചം അനേകായിരം കൈകളുള്ള രശ്മികളാൽ എന്നെ വലയം ചെയ്തിരിക്കുന്നു. ആരോ എന്നെ തലോടുന്നു. എന്റെ ശിരസ്സിൽ ഞാൻ അനുഭവിക്കുന്ന ശീതളിമ, എന്താണത്? പല വർണ്ണങ്ങളാൽ ചുറ്റിലുമുള്ള പ്രകാശം മാറിക്കൊണ്ടേയിരിക്കുന്നു. പറഞ്ഞറിയിക്കാനാവാത്ത ഒരാത്മനിർവൃതി. എന്താണിത്? മറ്റൊന്നും എന്റെയല്ലാന്നുള്ളതും, ഇതാണു, ഇത് മാത്രമാണു സത്യമാണെന്നുമുള്ള വിവേകത്തിൽ എന്നെ നയിച്ചതുമെന്താണു? കനൽ കോരിയിട്ട മനസ്സിനെ മഴത്തുളികൾ കൊണ്ടു നനച്ചതാരാണു? മണലാരണ്യത്തിൽ പെയ്തിറങ്ങിയ വർഷം കരിഞ്ഞു തീയായി മാറുന്നതിനു മുമ്പേ പുൽക്കൊടിത്തുമ്പിനു ജീവൻ കൊടുക്കുന്ന പോലെയെന്റെയീ മാറ്റത്തിനു കാരണമെന്താണ്? ഒന്നും മനസ്സിലാവണില്ല. ഒന്നും.

അതേ, ഞാനറിയാതെ ആ വെളിച്ചതിലേക്കു അലിഞ്ഞലിഞ്ഞൊന്നുചേരുന്നു. ഇത് മാത്രമാണു സത്യം. ഈ സംതൃപ്തി മറ്റൊന്നിനും നല്കാനായിട്ടില്ല ഇത് വരെ. എന്റെ ശിരസ്സിലെ ശൈത്യം എന്നെ മൊത്തത്തിൽ കീഴടക്കിയിരിക്കുന്നു. വിരൽ തുമ്പുകളിൽ പോലും ഞാനനുഭവിക്കുന്ന സ്പന്ദനങ്ങൾ. ഒരു സുവർണ്ണ രശ്മിയാലെന്നെ പ്രകാശം വലയം ചെയ്തിരിക്കുന്നു. ഒന്നുമറിയാതെ എന്നെയീ നിശബ്ധത കീഴടക്കിയിരിക്കുന്നു. ഞാനെന്നൊന്നില്ല എന്റെതായോന്നുമിലാണ് ഞാൻ മനസിലാക്കുന്നു. ഈയൊരു ശാന്തത. ഇത് മാത്രമാണു സത്യം. ഈയൊരു ആത്മസുഖം, അത് മറ്റൊന്നിലുമില്ല.

"എണീക്ക്, ഓഫീസ്സിൽ പോണില്ലേ?." വാതിലിൽ മുട്ട് കേട്ടുണർന്നു. ഒരു നിമിഷം കിടക്കയിൽ നിശബ്ദനായിരുന്നു. ഇത് സ്വപ്നായിരുന്നോ?, തലയിൽ തലോടി നോക്കി. അല്ല സ്വപ്നമല്ല, ശിരസ്സിലെ തണുപ്പെനിക്കു ഇപ്പോഴും അനുഭവിക്കാം. മനസ്സിൽ കുളിർ കാറ്റ് വീശുന്നു. ഭൂതകാലത്തിന്റെ ഭ്രാന്തമായ ജഡത്വം സമ്മാനിച്ച വർത്തമാന വൈകൃതങ്ങൾ കുത്തി നിറച്ച പത്രവുമെടുത്തു കസേരയിലിരുന്നു. മേശയിലിരുന്നു ചൂട് ചായ ഊതിയൂതി കുടിക്കുമ്പോൾ മനസ്സിലെ അലയില്ലാ സമുദ്രത്തിൽ വീണ്ടും തിരമാലകൾക്ക് ജീവൻ വച്ചു.

-------------------------------------------------------ഷിബു വത്സലൻ

No comments:

Post a Comment